Museum of A Ramachandran, Kollam
എ. രാമചന്ദ്രന്‍
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമതികളായ കലാകാരരില്‍ ഒരാളായിരുന്നു എ. രാമചന്ദ്രന്‍ (1935-2024). ആറ്റിങ്ങലില്‍ ജനിച്ച അദ്ദേഹം, പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സര്‍വ്വകലാശാലയിലെ കലാഭവനില്‍ നിന്നും, ബംഗാള്‍ ശൈലിയിലെ മഹാരഥന്മാരുടെ ശിക്ഷണത്തില്‍, പ്രത്യേകിച്ച് രാംകിങ്കര്‍ ബൈജ്, ബിനോദ് ബിഹാരി മുഖര്‍ജി എന്നിവരുടെ കീഴില്‍, കലാപരിശീലനം നേടി. പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ജലച്ചായങ്ങള്‍, ഡ്രോയിംഗുകള്‍, മിനിയേച്ചര്‍ പെയിന്റിംഗുകള്‍, ചിത്രീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മാദ്ധ്യമങ്ങളില്‍ രാമചന്ദ്രന്‍ തന്റെ കലാസൃഷ്ടികള്‍ നടത്തി. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും രാഷ്ട്രീയ ആശങ്കകളും ഉള്‍ക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളില്‍, വിരോധാഭാസവും ഇരുണ്ട നര്‍മ്മവും ധാരാളമായി കടന്നുവന്നു. എന്നാല്‍ പിന്നീട് ഉദയ്പൂരിന്റെ ഉള്‍നാടുകളിലുള്ള താമരക്കുളങ്ങളിലേക്കും ഭീല്‍ ഗ്രാമങ്ങളിലേക്കും പതിവായി നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, അദ്ദേഹത്തിന്റെ പില്‍ക്കാല സൃഷ്ടികള്‍ ജീവിതത്തെയും പ്രകൃതിസൗന്ദര്യത്തെയും ആഘോഷിയ്ക്കാന്‍ തുടങ്ങി. പാശ്ചാത്യേതര ആധുനികതകളിലേക്ക് തിരിയുന്നിടത്താണ് രാമചന്ദ്രന്റെ കല യൂറോകേന്ദ്രീകൃത ആധുനിക ആഖ്യാനങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാന്‍ തുടങ്ങിയത്. പില്‍ക്കാലത്ത്, അദ്ദേഹം കിഴക്കിന്റെ കലാപാരമ്പര്യങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു. രാമചന്ദ്രന്റെ വലിയ താമരപ്പൊയ്കാ ചിത്രങ്ങളും, ചിത്രങ്ങളില്‍ സ്വന്തം രൂപം കൊണ്ടുവന്നതും അദ്ദേഹത്തിന്റെ കലാലോകത്തെ പെട്ടെന്ന് തിരിച്ചറിയാവുന്ന ബിംബങ്ങളാണ് എന്നുമാത്രമല്ല ഇത് അദ്ദേഹത്തിന്റെ ആന്തരിക ലോകത്തെയും തന്റെ ചുറ്റുപാടുകളുമായുള്ള ആഴത്തിലുള്ള വിനിമയത്തേയും പ്രതിഫലിപ്പിക്കുന്നുമുണ്ട്.
കേരളത്തില്‍ ജനിച്ച പ്രശസ്ത കലാകാരനായ എ. രാമചന്ദ്രന്റെ (1935-2024) ജീവിതവും പൈതൃകവും ആഘോഷിക്കുന്നതാണ് എ. രാമചന്ദ്രന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്. തിരുവനന്തപുരത്ത് നിന്നും ഏകദേശം 70 കിലോമീറ്റര്‍ വടക്ക് മാറി, കൊല്ലത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിലുള്ള ഈ മ്യൂസിയം, ആറ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കലായാത്രയുടെ സമഗ്രമായൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. പെയിന്റിംഗുകള്‍, ശില്പങ്ങള്‍, രേഖാചിത്രങ്ങള്‍, വാട്ടര്‍ കളറുകള്‍, കളര്‍ സ്റ്റഡീസ്, സ്‌കെച്ചുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കലാസൃഷ്ടികള്‍ ഈ മ്യൂസിയത്തിലെ സ്ഥിരം ശേഖരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നുമാത്രമല്ല, ഇത് അദ്ദേഹത്തിന്റെ വ്യതിരിക്തമായ ശൈലിയുടെയും കലാപരമായ സമീപനത്തിന്റെയും പരിണാമം സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കിത്തരികയും ചെയ്യുന്നു.
അതോടൊപ്പം തന്നെ, രാമചന്ദ്രന്‍ രൂപകല്പന ചെയ്ത, അധികമാരും കണ്ടിട്ടില്ലാത്ത തപാല്‍ സ്റ്റാമ്പുകള്‍, സെറാമിക്‌സ് തുടങ്ങിയവയും, ഭാര്യയും കലാകാരിയുമായ ചമേലിയോടൊപ്പം രാമചന്ദ്രന്‍ എഴുതി വരച്ച കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളില്‍ നിന്നുള്ള ഒറിജിനല്‍ ചിത്രീകരണങ്ങളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നു. രാമചന്ദ്രന്‍ നിരവധിയായ തന്റെ കലാസൃഷ്ടികള്‍ ചെയ്ത സ്റ്റുഡിയോയുടെ പുനഃസൃഷ്ടിയാണ് ഈ മ്യൂസിയത്തിന്റെ മറ്റൊരു സവിശേഷത. ഇത് സന്ദര്‍ശകര്‍ക്ക് അദ്ദേഹത്തിന്റെ സര്‍ഗ്ഗസൃഷ്ടികള്‍ പിറന്ന അന്തരീക്ഷത്തിന്റെ ഒരു അപൂര്‍വ്വ കാഴ്ച കൂടി നല്‍കുന്നു.
രാമചന്ദ്രന്റെ സ്വന്തം കലാസൃഷ്ടികള്‍ക്ക് പുറമേ, അദ്ദേഹത്തിന്റെ വ്യക്തിഗത ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും കലാസൃഷ്ടികളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ കലാപരമായ സ്വാധീനങ്ങളെയും താല്‍പ്പര്യങ്ങളെയും കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നവയാണ്.
എ. രാമചന്ദ്രന്‍, ചമേലി രാമചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളും അവരുടെ സ്വകാര്യ കലാശേഖരവും ഉള്‍പ്പെടെ ഈ മ്യൂസിയത്തിലുള്ള എല്ലാ സൃഷ്ടികളും രാമചന്ദ്രന്റെ കുടുംബം സന്തോഷപൂര്‍വ്വം സംഭാവന ചെയ്തവയാണ്.