10 AM to 1 PM & 2 PM to 6 PM
Museum of A Ramachandran, Kollam
1963
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സൊസൈറ്റിയില്‍ (ഐഫാക്‌സ്) ധര്‍മ്മനാരായണ്‍ ദാസ്ഗുപ്ത, ദേബി പ്രസാദ് സാഹ എന്നിവരോടൊപ്പം ഒരു ഗ്രൂപ്പ് ഷോയില്‍ പങ്കെടുത്തു. ഈ പ്രദര്‍ശനം കണ്ട കുമാര്‍ ഗാലറിയുടമ വീരേന്ദ്ര കുമാര്‍ തന്റെ ഗാലറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രാമചന്ദ്രന് ഒരു കരാര്‍ വാഗ്ദാനം ചെയ്തു.
1964
ന്യൂഡല്‍ഹിയിലെത്തി കുമാര്‍ ഗാലറിയില്‍ ഒരു കലാകാരനായി ചേര്‍ന്നു.
1965
ജാമിയ മില്ലിയ ഇസ്ലാമിയയില്‍ കലാവിദ്യാഭ്യാസത്തില്‍ ലക്ചററായി ജോലിയ്ക്ക് ചേര്‍ന്നു. പിന്നീട്, ആര്‍ട്ടിസ്റ്റ് പരംജിത് സിങ്ങും മറ്റ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന്, പെയിന്റിംഗ്, ശില്പകല, അപ്ലൈഡ് ആര്‍ട്ട്, കലാവിദ്യാഭ്യാസം എന്നിവയില്‍ ബിഎഫ്എ, എംഎഫ്എ ബിരുദങ്ങള്‍ നല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ചിത്ര-ശില്പകലാ വകുപ്പായി ഈ സ്ഥാപനത്തെ വളര്‍ത്തിയെടുത്തു.
1966
ന്യൂഡല്‍ഹിയിലെ കുമാര്‍ ഗാലറിയില്‍ ആദ്യത്തെ ഏകാംഗ പ്രദര്‍ശനം നടത്തി.
അക്കാലത്തെ പ്രമുഖ കലാകാരര്‍ക്കൊപ്പം കുമാര്‍ ഗാലറിയില്‍ ഒരു ഗ്രൂപ്പ് ഷോയില്‍ പങ്കെടുത്തു.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി പ്രധാന ഗ്രൂപ്പ് എക്‌സിബിഷനുകളില്‍ പങ്കെടുത്ത്, രാമചന്ദ്രന്‍ തന്റെ കലാസൃഷ്ടികള്‍ വിശാലമായൊരു പ്രേക്ഷകസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), ന്യൂജേഴ്സി സ്റ്റേറ്റ് മ്യൂസിയം എന്നിവിടങ്ങളില്‍ നടന്ന ‘ടെന്‍ ഇന്ത്യന്‍ പെയിന്റേഴ്സ്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
1967
തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഏകാംഗ പ്രദര്‍ശനം നടത്തുകയും അങ്ങിനെ തന്റെ തലമുറയിലെ ഏറ്റവും ഒറിജിനലായ ഇന്ത്യന്‍ കലാകാരരില്‍ ഒരാളായി അംഗീകാരം നേടുകയും ചെയ്തു. ചാള്‍സ് ഫാബ്രി, റിച്ചാര്‍ഡ് ബര്‍ത്തലോമിയോ, ജയ അപ്പസാമി, ഒ.വി. വിജയന്‍, കൃഷ്ണ ചൈതന്യ, കേശവ് മാലിക്, സാന്റോ ദത്ത, പ്രയാഗ് ശുക്ല, വിനോദ് ഭരദ്വാജ് എന്നിവരുള്‍പ്പെടെ പല പ്രമുഖ കലാനിരൂപകരും എഴുത്തുകാരും ആദ്യകാല പ്രദര്‍ശനങ്ങള്‍ വിപുലമായിത്തന്നെ നിരൂപണംചെയ്തു.
ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ടോക്കിയോ ബിനാലെയില്‍ പങ്കെടുത്തു.
1968
ന്യൂഡല്‍ഹിയിലെ കുമാര്‍ ഗാലറിയില്‍ ഏകാംഗ പ്രദര്‍ശനം നടത്തി.
ന്യൂഡല്‍ഹിയിലെ ഒന്നാമത് ട്രിനാലേയില്‍ പങ്കെടുത്തു.
ബിനോദ്ബിഹാരി മുഖര്‍ജി, രാംകിങ്കര്‍ ബൈജ്, കെ. ജി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ക്കൊപ്പം, ശാന്തിനികേതനിലെ കലാഭവനില്‍ സോമനാഥ് ഹോര്‍ സംഘടിപ്പിച്ച ഗ്രാഫിക് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.
ഇബ്രാഹിം അല്‍കാസി ആതിഥേയത്വം വഹിച്ച കലയെക്കുറിച്ചുള്ള ഒരു ടെലിവിഷന്‍ പരമ്പരയില്‍ രാമചന്ദ്രന്‍ ഇടം നേടി.
1969
ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് ചിത്രകലയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.
ഓസ്ട്രേലിയയിൽ നടന്ന സമകാലിക ഇന്ത്യൻ ചിത്രകലാ പ്രദർശനത്തിൽ പങ്കെടുത്തു.
ഇന്ത്യൻ പെയിന്റേഴ്‌സ് ’69 എക്സിബിഷൻ, മാക്സ് മുള്ളർ ഭവൻ, കൽക്കട്ടയിലെ ബിർള അക്കാദമി എന്നിവയിൽ പങ്കെടുത്തു.
ന്യൂഡൽഹിയിലെ ഗാന്ധി ദർശനിൽ ഗാന്ധി ശതാബ്ദിക്കായി ഒരു ചുവർചിത്രം സൃഷ്ടിക്കാൻ നിയോഗിക്കപ്പെട്ടു.
ലളിതകലാ അക്കാദമി പുറത്തിറക്കിയ പ്രമുഖ കലാകാരന്മാരുടെ സമകാലിക ചിത്രങ്ങളുടെ പോർട്ട്‌ഫോളിയോയിൽ രാമചന്ദ്രന്റെ ഒരു ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
1970
ന്യൂഡല്‍ഹിയിലെ കുമാര്‍ ഗാലറിയില്‍ ഏകാംഗ പ്രദര്‍ശനം നടത്തി.
ജപ്പാനിലെ ടോക്കിയോയിലുള്ള മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ക്യോട്ടോ മുനിസിപ്പല്‍ മ്യൂസിയം എന്നിവയില്‍ നടന്ന സമകാലിക ഇന്ത്യന്‍ പെയിന്റിംഗ് പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ കുനിക ചെമോള്‍ഡ് ഗാലറിയില്‍ നടന്ന ‘ഇന്ത്യന്‍ ചിത്രകാരരും ശില്പികളും’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1971
ന്യൂഡല്‍ഹിയിലെ രണ്ടാമത്തെ ട്രിനാലെ, നാഷണല്‍ എക്‌സിബിഷന്‍ ഓഫ് ആര്‍ട്ട് എന്നിവയില്‍ പങ്കെടുത്തു.
റിയോ ഡി ജനീറോയിലും ബ്രസീലിലെ സാല്‍വഡോറിലും വെനിസ്വേലയിലും നടന്ന സമകാലിക ഇന്ത്യന്‍ ചിത്രകലാ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു.
1972
തോംസണ്‍ പ്രസ്സിനു വേണ്ടി ഭാര്യ ചമേലിയുമായി ചേര്‍ന്ന് എഴുതി ചിത്രീകരിച്ച, കുട്ടികള്‍ക്കുള്ള ആറ് ചിത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഭാരത സര്‍ക്കാരിന്റെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിനായി ഐഎസ്‌ഐയുടെ രജതജൂബിലി സ്മരണയ്ക്കായി സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തു.
ജപ്പാനിലെ ബാലസാഹിത്യ കൃതികളുടെ പ്രമുഖ പ്രസാധകരായ ഫുക്വിന്‍കാന്‍ ഷോട്ടന്റെ പ്രസിഡന്റായ തദാഷി മാറ്റ്‌സൂയിയുടെ ക്ഷണപ്രകാരം ജപ്പാന്‍ സന്ദര്‍ശിച്ചു.
ഒരു ഗവേഷണ വിദ്യാര്‍ത്ഥി എന്ന നിലയില്‍ 1962-ല്‍ തയ്യാറാക്കിയ കേരള ചുവര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ജപ്പാനിലെ ക്യോട്ടോ മുനിസിപ്പല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു.
ന്യൂഡല്‍ഹിയിലെ ലളിത് കലാ അക്കാദമിയില്‍ ‘ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ കല’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ കുനിക ചെമോള്‍ഡ് ഗാലറിയില്‍ നടന്ന ‘ആര്‍ട്ട് നൗ’, ‘ഡ്രോയിംഗ്‌സ്’ എന്നീ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു.
1973
ഭാരത സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും ചിത്രരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
രാമചന്ദ്രന്‍ എഴുതി ചിത്രീകരിച്ച ‘ഹനുമാന്‍’ എന്ന കുട്ടികളുടെ ചിത്രപുസ്തകം ഫുക്വിന്‍കാന്‍ ഷോട്ടന്‍ ജപ്പാനില്‍ പ്രസിദ്ധീകരിച്ചു. തദാഷി മാറ്റ്‌സൂയിയാണ് ഈ പുസ്തകം ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഭാരത സര്‍ക്കാരിന്റെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിനായി ഇന്ത്യന്‍ ഫിലാറ്റലിക് എക്‌സിബിഷനെ കുറിച്ച് (ഇന്‍ഡിപെക്‌സ്) രണ്ട് സ്റ്റാമ്പുകളുടെ ഒരു സെറ്റ് രൂപകല്‍പ്പന ചെയ്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഷീല ധര്‍ എഴുതി, ഭാരത സര്‍ക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ച ‘ദിസ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ ചിത്രീകരണം ചെയ്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കാനഡയിലെ ടൊറന്റോയിലും അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലും ലോസ് ഏഞ്ചല്‍സിലും നടന്ന കണ്ടംപററി ഇന്ത്യന്‍ പെയിന്റിംഗ് പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
കൊല്‍ക്കത്തയിലെ സൊസൈറ്റി ഓഫ് കണ്ടംപററി ആര്‍ട്ടിന്റെ വാര്‍ഷിക പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1974
പന്ത്രണ്ട് വെങ്കല ശില്പങ്ങളുടെ ഒരു സെറ്റ് നിര്‍മ്മിച്ചു
ഭാരത സര്‍ക്കാരിന്റെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിനായി യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ (യുപിയു) ശതാബ്ദി സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തു.
പ്രമുഖ കലാകാരനെന്ന നിലയില്‍ ലളിത് കലാ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഫ്രാന്‍സിലെ മെന്റണ്‍ ബിനാലെയില്‍ പങ്കെടുത്തു.
സോഫിയ (ബള്‍ഗേറിയ), വാര്‍സോ, കൊസാലിന്‍ (പോളണ്ട്), സ്‌കോപ്‌ജെ, ടിറ്റോഗ്രാഡ് (യുഗോസ്ലാവിയ) എന്നിവിടങ്ങളില്‍ നടന്ന സമകാലിക ഇന്ത്യന്‍ ചിത്രകലാ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു.
1975
ന്യൂഡല്‍ഹിയിലെ കുമാര്‍ ഗാലറിയില്‍ ഏകാംഗ പ്രദര്‍ശനം നടത്തി.
ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാമത് ഇന്ത്യന്‍ ട്രിനാലേയില്‍ പങ്കെടുത്തു.
ജപ്പാന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരം ജപ്പാന്‍ സന്ദര്‍ശിച്ചു. മിത്സുമാസ അന്നോ, സുവെകിചി അക്കബ, യാസുവോ സെഗാവ, സെയ്സോ താഷിമ, തോഷിയോ കജിയാമ, ഷുന്താരോ താനികാവ, ഹജിമെ കിജിമെ, സിഗെയോ വതാനബെ, തദാനോറി യോകൂ, ഫുകു അകിനോ, ഇറി മറൂക്കി തോഷി മറൂക്കി, അയാ ദൈദോ, തദാഷി മാറ്റ്‌സൂയി തുടങ്ങി നിരവധി പ്രശസ്ത കലാകാരരെയും കുട്ടികളുടെ പുസ്തകരംഗത്തെ വിദഗ്ധരെയും കാണാന്‍ അവസരം കിട്ടി.
രാമചന്ദ്രന്‍ എഴുതി ചിത്രീകരിച്ച, കുട്ടികളുടെ ചിത്രപുസ്തകമായ ‘സോംഗ് ഓഫ് സര്‍ക്കിള്‍സ്’ ജപ്പാനില്‍ ഫുക്വിന്‍കാന്‍ ഷോട്ടന്‍ പ്രസിദ്ധീകരിച്ചു. പ്രശസ്ത കവി ഷുന്താരോ തനിക്കാവയാണ് ഈ പുസ്തകം വിവര്‍ത്തനം ചെയ്തത്.
കൊല്‍ക്കത്തയിലെ സൊസൈറ്റി ഓഫ് കണ്ടംപററി ആര്‍ട്ടിന്റെ വാര്‍ഷിക പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1976
രാമചന്ദ്രന്‍ എഴുതി ചിത്രീകരിച്ച കുട്ടികളുടെ ചിത്രപുസ്തകമായ ‘ലാന്‍ഡ് ഓഫ് റോമോള്‍’ ജപ്പാനില്‍ ഫുക്വിന്‍കാന്‍ ഷോട്ടന്‍ പ്രസിദ്ധീകരിച്ചു.
ചെന്നൈയില്‍ നടന്ന 25-ാമത് പഗ്വാഷ് കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ഗീത കപൂര്‍, ഭൂപേന്‍ ഖഖര്‍ എന്നിവരോടൊപ്പം സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി സോവിയറ്റ് യൂണിയനും പോളണ്ടും സന്ദര്‍ശിച്ചു.
ഒരു പ്രമുഖ കലാകാരനെന്ന നിലയില്‍ ലളിത് കലാ അക്കാദമി ജനറല്‍ കൗണ്‍സിലിലേക്കും അതിന്റെ പ്രസിദ്ധീകരണ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1977
ന്യൂഡല്‍ഹിയിലെ കുമാര്‍ ഗാലറിയില്‍ സോളോ ഷോ നടത്തി.
ന്യൂഡല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിനായി ഒരു മ്യൂറല്‍-ശില്പ നിര്‍മ്മാണത്തിന് കമ്മീഷന്‍ ചെയ്തു.
ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ വിവാന്‍ സുന്ദരം സംഘടിപ്പിച്ച കലാകാര ക്യാമ്പില്‍ പങ്കെടുത്തു.
ലളിത് കലാ അക്കാദമി സംഘടിപ്പിച്ച ‘പിക്‌റ്റോറിയല്‍ സ്‌പേസ്: എ പോയിന്റ് ഓഫ് വ്യൂ ഓണ്‍ കണ്ടംപററി ഇന്ത്യന്‍ ആര്‍ട്ട്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
1978
ന്യൂഡല്‍ഹിയില്‍ കുമാര്‍ ഗാലറി സംഘടിപ്പിച്ച രാമചന്ദ്രന്റെ പതിമൂന്ന് വര്‍ഷത്തെ കലാസൃഷ്ടികളുടെ ഒരു റെട്രോസ്‌പെക്റ്റീവ് പ്രദര്‍ശനം നടത്തി. പ്രശസ്ത കലാ നിരൂപകനായ കൃഷ്ണ ചൈതന്യയാണ് ഈ പ്രദര്‍ശന കാറ്റലോഗിന് ആമുഖം എഴുതിയത്.
ഇംഗ്ലണ്ടിലെ ആദം ആന്‍ഡ് ചാള്‍സ് ബ്ലാക്ക് ‘ഹനുമാന്‍’ എന്ന കുട്ടികളുടെ പുസ്തകം പ്രസിദ്ധീകരിച്ചു.
ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയില്‍ നടന്ന ട്രിനാലെ ഇന്ത്യ റെട്രോസ്‌പൈക്കില്‍ പങ്കെടുത്തു.
പ്രണബ് രഞ്ജന്‍ റേ, നാഗ്ജി പട്ടേല്‍ എന്നിവരോടൊപ്പം നാലാമത്തെ ഇന്ത്യന്‍ ട്രിനാലെയുടെ കമ്മീഷണറായി നിയമിതനായി. നിരവധി കലാകാരരെ തിരഞ്ഞെടുക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, ഗ്രാമീണ, നഗര കലാവിഷ്‌കാരങ്ങള്‍ തമ്മിലുള്ള കൃത്രിമ വേര്‍തിരിവ് തകര്‍ക്കുന്നതിനായി ഗോത്രവര്‍ഗ്ഗ കലാകാരരായ ഗംഗാ ദേവി, ജീവ്യ സോമ മാഷെ എന്നിവരുള്‍പ്പെടെ ഇരുപത്തിയൊന്ന് യുവ കലാകാരരെ അദ്ദേഹം തിരഞ്ഞെടുത്തു. ബികാഷ് ഭട്ടാചാര്യ, ഭൂപെന്‍ ഖഖര്‍, ഗണേഷ് പൈന്‍, ഗുലാം മുഹമ്മദ് ഷെയ്ഖ്, ജീവ് പട്ടേല്‍, ജോഗന്‍ ചൗധരി, ലക്ഷ്മ ഗൗഡ്, പ്രഭാകര്‍ ബാര്‍വെ, പരംജിത് സിംഗ്, രാമേശ്വര്‍ ബ്രൂട്ട, വിവാന്‍ സുന്ദരം എന്നിവരുള്‍പ്പെടെ ഈ പ്രദര്‍ശനത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരൊക്കെ പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കലാകാരരായി അംഗീകരിയ്ക്കപ്പെട്ടു. എന്നാല്‍, ഒട്ടും യാഥാസ്ഥിതികമല്ലാത്ത ഈ തിരഞ്ഞെടുപ്പ് വളരെയധികം വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും അത് നിരസിക്കപ്പെടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് രാമചന്ദ്രന്‍ അക്കാദമിയില്‍ നിന്ന് രാജിവച്ചു.
യുനെസ്‌കോയുടെ ഏഷ്യ-പസഫിക് സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന് കുട്ടികളുടെ ചിത്ര പുസ്തക ചിത്രീകരണത്തിനുള്ള നോമ കോണ്‍കോഴ്‌സ് പുരസ്‌കാരം ലഭിച്ചു.
1979
ബ്രസീലിലെ സാവോ പോളോയില്‍ നടക്കുന്ന സാവോ പോളോ ബിനാലെയില്‍ പങ്കെടുത്തു.
ലളിത് കലാ അക്കാദമിയുടെ രജത ജൂബിലിയുടെ ഭാഗമായി ന്യൂ ഡല്‍ഹിയില്‍ നടന്ന ശില്പങ്ങളുടെ പ്രദര്‍ശനത്തിലും ബോംബെ, മദ്രാസ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളിലും പങ്കെടുത്തു.
സാദത്ത് ഹസന്‍ മന്റോയുടെ രചനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലിമിറ്റഡ് എഡിഷന്‍ എച്ചിങ്ങുകളുടെ ഒരു പോര്‍ട്ട്ഫോളിയോ ചെയ്തു. ഷൗര്‍ സ്‌പോണ്‍സര്‍ ചെയ്ത ഈ എച്ചിങ്ങുകള്‍ പിന്നീട് മുംബൈയിലെ പൃഥ്വി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.
1980
യുനെസ്‌കോയുടെ ഏഷ്യ-പസഫിക് സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന് കുട്ടികളുടെ ചിത്ര പുസ്തക ചിത്രീകരണത്തിനുള്ള നോമ കോണ്‍കോഴ്‌സ് പുരസ്‌കാരം ലഭിച്ചു.
ലളിത് കലാ അക്കാദമി രജത ജൂബിലിയുടെ ഭാഗമായി ന്യൂഡല്‍ഹി, ബോംബെ, മദ്രാസ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച മിനിയേച്ചര്‍ ഫോര്‍മാറ്റിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ഭാരത സര്‍ക്കാരിന്റെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിനായി മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയെക്കുറിച്ചുള്ള രണ്ട് സ്മാരക സ്റ്റാമ്പുകളുടെ ഒരു സെറ്റ് രൂപകല്‍പ്പന ചെയ്തു.
ജപ്പാനിലെ സൈതാമയിലുള്ള മറൂക്കി ഗാലറി ഫോര്‍ ദി ഹിരോഷിമ പാനല്‍സിന്റെ 13-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനായി ജപ്പാന്‍ സന്ദര്‍ശിച്ചു.
1981
ജാപ്പനീസ് ഗോള്‍ഡ് ബോര്‍ഡുകളില്‍ ടെമ്പറയില്‍ മിനിയേച്ചര്‍ പെയിന്റിംഗുകളുടെ ഒരു പരമ്പര ചെയ്തു.
‘ഷൗര്‍’ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിനായി പ്രമുഖ പാകിസ്ഥാനി എഴുത്തുകാരന്‍ അന്‍വര്‍ സജ്ജാദിന്റെയും മറ്റ് ഉറുദു എഴുത്തുകാരുടെയും സാഹിത്യ സൃഷ്ടികള്‍ക്ക് ചിത്രീകരണം ചെയ്തു. പാകിസ്ഥാനിലെ പ്രമുഖ എഴുത്തുകാരായ ഇന്തസാര്‍ ഹുസൈന്‍, അന്‍വര്‍ സജ്ജാദ് എന്നിവരുടെ എഴുത്തുകളുമായി രാമചന്ദ്രന്‍ പരിചയപ്പെടുന്നത് ഇങ്ങനെയാണ്.
അന്‍വര്‍ സജ്ജാദിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള പെയിന്റിംഗുകളുടെയും ഡ്രോയിംഗുകളുടെയും പ്രദര്‍ശനമായ ‘പപ്പറ്റ് തിയേറ്റര്‍’, ന്യൂഡല്‍ഹിയിലെ ധൂമിമാല്‍ ഗാലറിയില്‍ നടന്നു.
മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന ‘ഇന്ത്യന്‍ പെയിന്റിംഗ് ടുഡേ’ എന്ന എക്‌സിബിഷനിലും ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഏഷ്യന്‍ ആര്‍ട്ട് എക്‌സിബിഷനിലും പങ്കെടുത്തു.
1982
ഭാരത സര്‍ക്കാരിന്റെ പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിനുവേണ്ടി 9-ാമത് ഏഷ്യന്‍ ഗെയിംസിനായി രണ്ട് സ്റ്റാമ്പുകളുടെ ഒരു സെറ്റ് രൂപകല്‍പ്പന ചെയ്തു.
ട്യൂബര്‍ക്കിള്‍ ബാസിലസിന്റെ കണ്ടെത്തലിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പിനുവേണ്ടി ഒരു സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തു.
ഭോപ്പാലിലെ ഭാരത് ഭവന്റെ ഉദ്ഘാടന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ആര്‍ട്‌സില്‍ നടന്ന സമകാലിക ഇന്ത്യന്‍ കലാ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലുള്ള മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന ‘ഇന്ത്യ, മിത്ത് ആന്‍ഡ് റിയാലിറ്റി’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശന വേളയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ‘മോഡേണ്‍ ഇന്ത്യന്‍ പെയിന്റിംഗ്’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഇന്‍ഡിഷെ കുന്‍സ്റ്റ് ഹ്യൂട്ട് പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1983
ജപ്പാനിലെ ഫുകുട്ടേക്ക് ഷോട്ടന്‍ പ്രസിദ്ധീകരിച്ച കുട്ടികളുടെ ചിത്ര പുസ്തകമായ ‘ജിവ്യ ആന്‍ഡ് ദി ടൈഗര്‍ ഗോഡ്’ പുറത്തിറങ്ങി. ഇന്റാഗ്ലിയോ എച്ചിംഗ് പ്രക്രിയ ഉപയോഗിച്ച് ഈ പുസ്തകത്തിനായി ചിത്രീകരണങ്ങള്‍ തയ്യാറാക്കുന്നതില്‍ ആര്‍ട്ടിസ്റ്റ് ദേവരാജ് ഡാകോജിയാണ് രാമചന്ദ്രനെ സഹായിച്ചത്.
ശ്രീ ഇബ്രാഹിം അല്‍കാസി മുന്‍കൈയ്യെടുത്ത് ബോംബെയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ പതിനെട്ട് വര്‍ഷത്തെ പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ഡ്രോയിംഗുകള്‍, മിനിയേച്ചറുകള്‍, ഗ്രാഫിക്‌സ് എന്നിവയുടെ ഒരു റെട്രോസ്പെക്റ്റിവ് പ്രദര്‍ശനം നടന്നു. കുമാര്‍ ഗാലറിയും ആര്‍ട്ട് ഹെറിറ്റേജും സംയുക്തമായാണ് ഈ ഷോ സ്‌പോണ്‍സര്‍ ചെയ്തത്.
ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയുടെ (യുനെസ്‌കോ) ഇന്റര്‍നാഷണല്‍ മൊബൈല്‍ ടീമിലെ വിദഗ്ദ്ധനെന്ന നിലയില്‍ കുട്ടികളുടെ ചിത്രപുസ്തക ചിത്രീകരണങ്ങളെക്കുറിച്ച് ഒരു ശില്പശാല നടത്താന്‍ ഷിന്‍ജി താജിമ, മോട്ടോ ഇറ്റോ എന്നിവരോടൊപ്പം ബംഗ്ലാദേശിലെ ധാക്ക സന്ദര്‍ശിച്ചു.
നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലുള്ള ട്രോപ്പന്‍ മ്യൂസിയത്തില്‍ നടന്ന ‘ഇന്ത്യ ഇന്‍ പ്രിന്റ്’ ഷോയില്‍ പങ്കെടുത്തു.
ബംഗ്ലാദേശിലെ ഏഷ്യന്‍ ആര്‍ട്ട് എക്‌സിബിഷനില്‍ പങ്കെടുത്തു.
1984
ലളിത് കലാ അക്കാദമിയുടെ ഗഡി സ്റ്റുഡിയോയില്‍ ഓണററി ഡയറക്ടറായിരുന്ന ഹ്രസ്വമായ കാലയളവില്‍ ‘വാട്ടര്‍ ബോഡീസ്’ എന്നപേരില്‍ എട്ട് സെറാമിക് കലാസൃഷ്ടികള്‍ തയ്യാറാക്കി.
1985
കാഗ്‌നസ്-സര്‍-മെറിലെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചു.
ഫ്രാന്‍സിസ് ജി. ഹച്ചിന്‍സ് വിവര്‍ത്തനം ചെയ്തതും രാമചന്ദ്രന്‍ ചിത്രീകരിച്ചതുമായ ‘ഹിതോപദേശ’ (1983) അമേരിക്കയിലെ അമര്‍ത്യ പ്രസ്സ് പ്രസിദ്ധീകരിച്ചു.
1984-86
‘യയാതി’ എന്ന അതിബൃഹത്തായ കലാസൃഷ്ടി ചെയ്തു. 60 അടി നീളവും 8 അടി വീതിയുമുള്ള ചുവര്‍ചിത്രമാതൃകയിലുള്ള പെയിന്റിങ്ങുകളും 13 വെങ്കല ശില്പങ്ങളും ചേര്‍ന്നതാണ് ‘യയാതി’. ശ്രീ ഇബ്രാഹിം അല്‍കാസിയും ആര്‍ട്ട് ഹെറിറ്റേജും കമ്മീഷന്‍ ചെയ്ത ഈ കലാസൃഷ്ടി 1986ല്‍ ന്യൂഡല്‍ഹിയിലെ ശ്രീധരണി ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു. ഷമീം ഹാന്‍ഫിയുടെ ‘യയാതി: ദി കംപ്ലീറ്റ് മാന്‍’ എന്ന മോണോഗ്രാഫ് പുറത്തിറങ്ങി.
1986
ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഓഫ് ബുക്ക്‌സ് ഫോര്‍ യംഗ് പീപ്പിളിന്റെ (ഐബിബിവൈ) 20-ാമത് കോണ്‍ഗ്രസിലും ജപ്പാനിലെ ഒയിറ്റയില്‍ നടന്ന ജാപ്പനീസ് ബോര്‍ഡ് ഓണ്‍ ബുക്ക്‌സ് ഫോര്‍ യംഗ് പീപ്പിളിന്റെ (ജെബിബിവൈ) ഇന്റര്‍നാഷണല്‍ സിമ്പോസിയത്തിലും മുഖ്യ പ്രഭാഷകരില്‍ ഒരാളായി ജപ്പാനിലേക്ക് ക്ഷണിക്കപ്പെട്ടു. ജപ്പാന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഒരു പൊതു സിമ്പോസിയത്തിലും പങ്കെടുത്തു.
പശ്ചിമ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ നടന്ന സമകാലിക ഇന്ത്യന്‍ പെയിന്റിംഗ് പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ക്യൂബയിലെ ഹവാനയില്‍ നടന്ന ഹവാന ബിനാലെയില്‍ പങ്കെടുത്തു.
1987
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ജനീവയില്‍ നടന്ന കൂപ്പ് ഡി കൂര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1962-ല്‍ ആരംഭിച്ച ഒരു തുടര്‍പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ക്ഷേത്ര ചുവര്‍ചിത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തി.
1988
തദാഷി മാറ്റ്‌സൂയി, ദൈഹാച്ചി ഒഹ്ത എന്നിവരുമായി ചേര്‍ന്ന് യുനെസ്‌കോയുടെ ഇന്റര്‍നാഷണല്‍ മൊബൈല്‍ ടീമിലെ ഒരു വിദഗ്ദ്ധനെന്ന നിലയില്‍ കുട്ടികളുടെ ചിത്ര പുസ്തക ചിത്രീകരണങ്ങളെക്കുറിച്ചുള്ള ഒരു ശില്പശാലയില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയിലെ സിയോള്‍ സന്ദര്‍ശിച്ചു.
ഷിന്‍ജി താജിമ എഴുതിയ പ്ലാനറ്റ് സര്‍പ്രൈസ് എന്ന കൃതിയ്ക്ക് ചിത്രീകരണം നടത്തി. ഇത് ജപ്പാനിലാണ് പ്രസിദ്ധീകരിച്ചത്.
1989
‘ലാന്‍ഡ് ഓഫ് റോമോള്‍’ എന്ന കുട്ടികളുടെ പുസ്തകം, ‘ഹിമാലയത്തിലെ പുല്ലാങ്കുഴല്‍’ എന്ന പേരില്‍. ലണ്ടനിലെ മന്ത്ര പബ്ലിഷിംഗ് പ്രസിദ്ധീകരിച്ചു. ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, പഞ്ചാബി, ഉറുദു എന്നീ ആറ് ഭാഷകളിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ലളിത് കലാ അക്കാദമി സംഘടിപ്പിച്ച ‘നേച്ചര്‍’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
സഹ്‌മത്തിനുവേണ്ടി ന്യൂഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ ധനസമാഹരണ പ്രദര്‍ശനമായ ‘ആര്‍ട്ട് ഫോര്‍ ക്രൈ’യിലും പങ്കെടുത്തു.
അക്ബര്‍ പദംസി, നീലിമ ഷെയ്ഖ് എന്നിവര്‍ക്കൊപ്പം കലാകാര പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചൈന സന്ദര്‍ശിച്ചു.
1990
ന്യൂഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടന്ന ആര്‍ട്ട് മൊസൈക് പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ലളിത് കലാ അക്കാദമി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘അവാര്‍ഡ് വിന്നേഴ്‌സ് ഓഫ് ദി നാഷണല്‍ എക്‌സിബിഷന്‍സ് ഓഫ് ആര്‍ട്ട്’ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1991
പെയിന്റിംഗുകള്‍, ജലച്ചായങ്ങള്‍, ഡ്രോയിംഗുകള്‍, ശില്പങ്ങള്‍ എന്നിവയുടെ ഒരു പ്രദര്‍ശനമായ ‘ഉര്‍വശി, പുരൂരവസ് ആന്‍ഡ് ദി ലോട്ടസ് പോണ്ട്’ ന്യൂഡല്‍ഹിയിലെ ശ്രീധരണി ഗാലറിയില്‍ നടന്നു. ബാംഗ്ലൂരിലെ കലാ യാത്രയാണ് മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് പൂര്‍ത്തിയാക്കിയ ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ബാംഗ്ലൂരിലെ കലായാത്രയില്‍ പെയിന്റിംഗുകളുടെയും ജലച്ചായങ്ങളുടെയും ഏകാംഗ പ്രദര്‍ശനം നടത്തി.
ന്യൂഡല്‍ഹി സാഹിത്യ കലാ പരിഷത്തില്‍ നിന്ന് പരിഷത്ത് സമ്മാന്‍ ലഭിച്ചു.
കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണായി നിയമിതയായി.
യുകെയിലെ ഹെല്‍പ്പ് ഏജും ആസ്‌പ്രേയും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച ‘ആര്‍ട്ടിസ്റ്റ്‌സ് ഫോര്‍ ഹെല്‍പ്പ് ഏജ്’ എന്ന ഷോയിലും ലേലത്തിലും പങ്കെടുത്തു.
വധേര ആര്‍ട്ട് ഗാലറി മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ‘മാസ്റ്റേഴ്സ്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ സിഎംസി ഗാലറിയില്‍ ‘ഫ്രം ദി ആര്‍ട്ടിസ്റ്റ്‌സ് കളക്ഷന്‍’ എന്ന പേരില്‍ ഒരു പ്രദര്‍ശനം നടത്തി. രാമചന്ദ്രന്റെ ശേഖരത്തിലുള്ള നാദ്വാര ശൈലിയിലുള്ള 19-ാം നൂറ്റാണ്ടിലെ മിനിയേച്ചര്‍ ചിത്രങ്ങളും ഡ്രോയിംഗുകളുമാണ് ഈ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.
1992
‘ദി ഗോള്‍ഡന്‍ സിറ്റി’ എന്ന പുസ്തകം എഴുതി ചിത്രീകരിച്ചു. ജപ്പാനിലെ സാന്യു-ഷാ ആണ് ഇത് പ്രസിദ്ധീകരിച്ചത്.
കൊല്‍ക്കത്തയിലെ ബിര്‍ള അക്കാദമി ഓഫ് ആര്‍ട്ട് & കള്‍ച്ചറിന്റെ സില്‍വര്‍ ജൂബിലി പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
‘ഫ്‌ളൂട്ട് ഇന്‍ ദി ഹിമാലയാസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനും ടോക്കിയോയിലും ഹിരോഷിമയിലും ഇതിന്റെ ഒറിജിനല്‍ ചിത്രീകരണങ്ങളുടെ പ്രദര്‍ശനത്തിനുമായി ജപ്പാന്‍ സന്ദര്‍ശിച്ചു. ജപ്പാനിലെ ഫുക്വിന്‍കാന്‍ ഷോട്ടനുമായി സഹകരിച്ച് ലാബോ ടീച്ചിംഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ‘ഫ്‌ളൂട്ട് ഇന്‍ ദി ഹിമാലയാസ്’ ഒരു സിഡിയായി പുറത്തിറക്കി.
ന്യൂഡല്‍ഹിയിലെ ഗാലറി എസ്പേസില്‍ നടന്ന ‘വര്‍ക്ക്‌സ് ഓണ്‍ പേപ്പര്‍’ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
27 വര്‍ഷത്തെ അധ്യാപനത്തിനുശേഷം ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്ന് സ്വമേധയാ വിരമിച്ചു.
1993
ഇന്ത്യന്‍ കലയില്‍ രാജാ രവിവര്‍മ്മയുടെ പങ്കിനെക്കുറിച്ചുള്ള നിര്‍ണായകമായ പുനര്‍മൂല്യനിര്‍ണയത്തിന്റെ ഭാഗമായി, രാമചന്ദ്രനും കണ്‍സര്‍വേറ്ററും കലാ ചരിത്രകാരിയുമായ രൂപിക ചൗളയും ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ രവിവര്‍മ്മ ചിത്രങ്ങളുടെ ഒരു സുപ്രധാന പ്രദര്‍ശനം നടത്തി. ഭാരത സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്, കേരള ലളിതകലാ അക്കാദമി, നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് ഒരു നാഴികക്കല്ലായി മാറിയ ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്. രൂപിക ചൗളയുമായി സഹകരിച്ച് എഡിറ്റ് ചെയ്ത, പ്രമുഖ കലാകാരന്മാരുടെയും കലാ പണ്ഡിതരുടെയും ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘രാജാ രവിവര്‍മ്മ: പുതിയ കാഴ്ചപ്പാടുകള്‍’ എന്ന ബൃഹത് ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അവഗണനയുടെയും അപകീര്‍ത്തിയുടെയും ഒരു കാലത്തിനുശേഷം ഇന്ത്യയില്‍ മാത്രമല്ല, അന്തര്‍ദേശീയതലത്തില്‍ തന്നെ രവിവര്‍മ്മ ചിത്രങ്ങളില്‍ ശ്രദ്ധയും താല്‍പ്പര്യവും കൊണ്ടുവരുന്നതില്‍ ഈ പ്രദര്‍ശനം ഏറെ നിര്‍ണായകമായിരുന്നു.
ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിയമനങ്ങള്‍ക്കായി വിസിറ്റേഴ്സ് (ഇന്ത്യന്‍ രാഷ്ട്രപതി) നോമിനിയായി നിയമിതനായി.
കൊല്‍ക്കത്ത, ബോംബെ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ സിഐഎംഎ ഗാലറിയിലെ ‘വൂണ്ട്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
1994-95
കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മദ്രാസ്, ബോംബെ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ‘റിയാലിറ്റി ഇന്‍ സെര്‍ച്ച് ഓഫ് മിത്ത്’ എന്ന പ്രദര്‍ശനം നടന്നു. കലായാത്രയാണ് ഈ പ്രദര്‍ശനം സ്‌പോണ്‍സര്‍ ചെയ്തത്. രാമചന്ദ്രന്റെ സൃഷ്ടികളെക്കുറിച്ച് രൂപിക ചൗള എഴുതിയ ‘ആര്‍ട്ട് ഓഫ് ദി മ്യൂറലിസ്റ്റ്’, എന്ന പുസ്തകം കലായാത്രയും സിസ്റ്റാസും ചേര്‍ന്ന് പ്രസിദ്ധീകരിച്ചു.
1994
തമിഴ്നാട്ടിലെ ശ്രീ പെരുമ്പുത്തൂരിലുള്ള രാജീവ് ഗാന്ധി സ്മാരകത്തിനായി ഗ്രാനൈറ്റില്‍ ബൃഹത്തായൊരു ബാസ്-റിലീഫ് ശില്പം നിര്‍മ്മിക്കാന്‍ ഭാരത സര്‍ക്കാര്‍ രാമചന്ദ്രനെ നിയോഗിച്ചു.
ന്യൂഡല്‍ഹിയിലെ ഗാലറി എസ്പേസ് സംഘടിപ്പിച്ച ‘ഡ്രോയിംഗ് ’94’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന ‘റിവ്യൂ 1930-1993: ഫ്രം ദി എന്‍ജിഎംഎ കളക്ഷന്‍’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1995
ന്യൂഡല്‍ഹിയിലെ ആര്‍ട്ട് ടുഡേ ഗാലറിയുടെ ഉദ്ഘാടന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ലണ്ടനില്‍ ക്രിസ്റ്റീസ് സംഘടിപ്പിച്ച ഇന്ത്യന്‍ കണ്ടംപററി പെയിന്റിംഗുകളുടെ പ്രദര്‍ശനത്തിന്റെയും ലേലത്തിന്റെയും ഭാഗമായി.
1996
ലണ്ടനിലെ എആര്‍കെഎസ് ഗാലറിയില്‍ ‘മിത്തിക്കല്‍ ട്രാവലര്‍ ജേര്‍ണീസ് ഇന്‍ടു ദി അണ്‍നോണ്‍’ എന്ന ഏകാംഗ പ്രദര്‍ശനം നടന്നു. ലണ്ടനിലെ നെഹ്റു സെന്ററില്‍ രൂപിക ചൗള രാമചന്ദ്രനെക്കുറിച്ച് ഒരു പ്രഭാഷണം നടത്തി.
ന്യൂഡല്‍ഹിയിലും മുംബൈയിലും നടന്ന ‘കണ്ടംപററി ഇന്ത്യന്‍ പെയിന്റേഴ്സ് 1996’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ലണ്ടനിലെ വൈറ്റ്‌ലീസ് ആര്‍ട്ട് ഗാലറിയില്‍ സിഐഎംഎ സംഘടിപ്പിച്ച ‘ചമത്കാര: മിത്ത് ആന്‍ഡ് മാജിക് ഇന്‍ ഇന്ത്യന്‍ ആര്‍ട്ട്’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
യുനെസ്‌കോയുടെ അന്താരാഷ്ട്ര മൊബൈല്‍ ടീമിലെ വിദഗ്ദ്ധനെന്ന നിലയില്‍ കുട്ടികളുടെ പുസ്തക ചിത്രീകരണങ്ങളെയും സാക്ഷരതാ സാമഗ്രികളെയും കുറിച്ചുള്ള ഒരു ശില്പശാലയില്‍ പങ്കെടുക്കാന്‍ പപുവ ന്യൂ ഗിനിയ സന്ദര്‍ശിച്ചു.
1997
കലായാത്ര സംഘടിപ്പിച്ച പെയിന്റിംഗുകളുടെയും വാട്ടര്‍ കളറുകളുടെയും പ്രദര്‍ശനം, ‘ദി ലോട്ടസ് പോണ്ട് അറ്റ് ഒബേശ്വര്‍’, ബാംഗ്ലൂരിലെ സിസ്റ്റാസ് ആര്‍ട്ട് ഗാലറിയില്‍ നടന്നു.
രാമചന്ദ്രനെയും അദ്ദേഹത്തിന്റെ കലാപരിശീലനത്തെയും കുറിച്ച് കെ. ബിക്രം സിംഗ് ദൂരദര്‍ശനുവേണ്ടി ഒരു ഡോക്യുമെന്ററി ചിത്രം നിര്‍മ്മിച്ചു.
ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലും കല്‍ക്കട്ടയിലെ സിഐഎംഎ ഗാലറിയിലും സിഐഎംഎ സംഘടിപ്പിച്ച ‘കളേഴ്സ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ ലളിത് കലാ അക്കാദമി സംഘടിപ്പിച്ച ‘മേജര്‍ ട്രെന്‍ഡ്സ് ഓഫ് ഇന്ത്യന്‍ ആര്‍ട്ട്: ഫിഫ്റ്റിയത് ആനിവേഴ്‌സറി ഓഫ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
പെറുവിലെ ലിമയില്‍ ലളിത് കലാ അക്കാദമി സംഘടിപ്പിച്ച ‘കണ്ടംപററി ഇന്ത്യന്‍ ആര്‍ട്ട്: റീഡിസ്‌കവറിംഗ് ദി റൂട്ട്‌സ്’ എക്‌സിബിഷനിലും പങ്കെടുത്തു.
ന്യൂ ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വധേര ആര്‍ട്ട് ഗാലറി സംഘടിപ്പിച്ച ‘ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്: പോസ്റ്റ്-ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന എക്‌സിബിഷനില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ ഹാര്‍ട്ട്, സംഘടിപ്പിച്ച ‘ഇന്റ്യൂറ്റീവ് ലോജിക്’ എന്ന ഷോയില്‍ പങ്കെടുത്തു.
1998
‘ഐക്കണ്‍സ് ഓഫ് ദി റോ എര്‍ത്ത്’ എന്ന പ്രദര്‍ശനം ന്യൂഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി നടന്നു. വെങ്കല ശില്പങ്ങളും ഡ്രോയിംഗുകളും ചേര്‍ന്ന ഒന്നാം ഭാഗം ശ്രീധരണി ഗാലറിയിലും, പെയിന്റിംഗുകളും വാട്ടര്‍ കളറുകളുമടങ്ങിയ രണ്ടാം ഭാഗം ആര്‍ട്ട് ടുഡേയിലുമാണ് നടന്നത്. രൂപിക ചൗള എഴുതി കലാ യാത്ര പ്രസിദ്ധീകരിച്ച ‘രാമചന്ദ്രന്‍: ഐക്കണ്‍സ് ഓഫ് ദി റോ എര്‍ത്ത്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ന്യൂഡല്‍ഹിയിലെ ഗാലറി ഗണേശയില്‍ റൈസ് പേപ്പറില്‍ ചൈനീസ് മഷികൊണ്ട് ചെയ്ത ഡ്രോയിംഗുകളുടെയും പെയിന്റിംഗുകളുടെയും ഏകാംഗ പ്രദര്‍ശനം നടന്നു.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ (ഐജിഎന്‍സിഎ) ട്രസ്റ്റി-അംഗമായി നിയമിതനായി.
1999
ജപ്പാനിലെ മിയാസാക്കിയിലുള്ള കിജോ മ്യൂസിയം ഓഫ് ചില്‍ഡ്രന്‍സ് പിക്ചര്‍ ബുക്സ്, ‘ഹനുമാന്‍’ എന്ന പുസ്തകത്തിന്റെ ഒറിജിനല്‍ കലാസൃഷ്ടികള്‍ വാങ്ങിച്ചു.
മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ ഫൈന്‍ ആര്‍ട്സ് റിസോഴ്സ് സംഘടിപ്പിച്ച ‘വാട്ടര്‍മാര്‍ക്ക്: ദി വാട്ടര്‍ കളര്‍ ഷോ’യില്‍ പങ്കെടുത്തു.
ക്രിസ്റ്റീസ് ലണ്ടനില്‍ നടത്തിയ ’20-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കല’ എന്ന ലേലത്തിന്റെ ഭാഗമായി.
2000
താന്‍ പഠിച്ച ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് ഗഗന്‍-അബനി പുരസ്‌കാരം ലഭിച്ചു.
ജപ്പാനിലെ മിയാസാക്കിയിലുള്ള കിജോ മ്യൂസിയം ഓഫ് ചില്‍ഡ്രന്‍സ് പിക്ചര്‍ ബുക്സ്, ‘ഫ്‌ളൂട്ട് ഓഫ് ദി ഹിമാലയാസ്’, ‘സോങ്ങ്‌സ് ഓഫ് സര്‍ക്കിള്‍’ എന്നീ പുസ്തകങ്ങളുടെ ഒറിജിനല്‍ കലാസൃഷ്ടികള്‍ സ്വന്തമാക്കി.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ തിങ്കിംഗ് ഐ അവതരിപ്പിച്ച ‘സെലിബ്രേഷന്‍ ഓഫ് ഹ്യൂമന്‍ ഇമേജ്’ എന്ന എക്‌സിബിഷനിലും ന്യൂഡല്‍ഹിയിലെ ഗാലറി എസ്‌പേസിലെ ‘പോയിന്റ്-കൗണ്ടര്‍പോയിന്റ്’ എന്ന ഡ്രോയിംഗ് ഷോയിലും പങ്കെടുത്തു.
2001
പെയിന്റിംഗുകളുടെയും, രേഖാചിത്രങ്ങളുടെയും, ശില്പങ്ങളുടെയും ഏകാംഗ പ്രദര്‍ശനമായ ‘ഇമാജിന്‍ഡ് ടെറിട്ടറി’ ന്യൂഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറിയില്‍ നടന്നു.
കേരള സര്‍ക്കാരിന്റെ മാനവീയം കള്‍ച്ചറല്‍ മിഷനില്‍ നിന്ന് മാനവീയം പുരസ്‌കാരം ലഭിച്ചു.
ഇളാ ദത്ത എഴുതിയ ‘ആര്‍ട്ട് ഓഫ് രാമചന്ദ്രന്‍’, റോളി ബുക്‌സ് പ്രസിദ്ധീകരിച്ചു.
പി. സുരേന്ദ്രന്‍ മലയാളത്തില്‍ എഴുതിയ ‘രാമചന്ദ്രന്റെ കല’ കലായാത്ര പ്രസിദ്ധീകരിച്ചു. കലാ നിരൂപണത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ ആദ്യ അവാര്‍ഡ് ഈ പുസ്തകത്തിന് ലഭിച്ചു. ഇതിന്റെ രണ്ടാം പതിപ്പ് 2024ല്‍ കേരള ലളിതകലാ അക്കാദമി പുറത്തിറക്കി.
ജപ്പാനിലെ ഫുക്കു അകിനോ മ്യൂസിയം ഫുകു അകിനോയുടെ ആറ് ചിത്രപുസ്തകങ്ങളിലെയും രാമചന്ദ്രന്റെ മൂന്ന് ചിത്രപുസ്തകങ്ങളിലെയും ഒറിജിനല്‍ കലാസൃഷ്ടികളുടെ ഒരു പ്രദര്‍ശനം നടത്തി.
2002
ചുവര്‍ചിത്രമാതൃകയിലുള്ള പെയിന്റിംഗുകളും 13 വെങ്കല ശില്പങ്ങളും ചേര്‍ന്ന ‘യയാതി’ എന്ന ചിത്ര-ശില്പ ഇന്‍സ്റ്റാളേഷന്‍, അതിന്റെ ആദ്യ പ്രദര്‍ശനം നടന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂഡല്‍ഹിയിലെ ആര്‍ട്ട് ഹെറിറ്റേജില്‍ പ്രദര്‍ശിപ്പിച്ചു.
ലളിത് കലാ അക്കാദമിയുടെ എലക്റ്റഡ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്രന്റെ ചിത്രങ്ങളുടെ പ്രിന്റുകളുടെ ഒരു പോര്‍ട്ട്ഫോളിയോ അക്കാദമി പുറത്തിറക്കി.
മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ ഫൈന്‍ ആര്‍ട്സ് റിസോഴ്സ് സംഘടിപ്പിച്ച ജലച്ചായ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടന്നു.
മലയാള മനോരമ ദിനപ്പത്രത്തില്‍ ആറ് മാസക്കാലം കലയെയും കലാവിദ്യാഭ്യാസത്തെയും കുറിച്ച് ഒരു പ്രതിവാര ഓപ്-എഡ് കോളം എഴുതി.
2003
ഏകദേശം ഒരു ദശാബ്ദക്കാലത്തെ പരിശ്രമത്തിനുശേഷം, ചെന്നൈയ്ക്കടുത്തുള്ള ശ്രീ പെരുമ്പുത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തില്‍ രാമചന്ദ്രന്‍ രൂപകല്പന ചെയ്ത അതിബൃഹത്തായ ശില്പ പദ്ധതി പൂര്‍ത്തിയായി. 125 അടി നീളവും ഏകദേശം 20 അടി ഉയരവുമുള്ള ഈ വലിയ ബാസ്-റിലീഫ് ശില്പം സുബ്ബയ്യ സ്ഥപതിയും പരമ്പരാഗത ശില്പികളായ സ്ഥപതികളും ചേര്‍ന്ന സംഘമാണ് കൊത്തിയെടുത്തത്.
കേരള സര്‍ക്കാരില്‍ നിന്ന് രാജാ രവിവര്‍മ്മ പുരസ്‌കാരം ലഭിച്ചു.
വധേര ആര്‍ട്ട് ഗാലറിയും ടൈംസ് ഓഫ് ഇന്ത്യയും, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ‘സെലിബ്രേഷന്‍ ഓഫ് കളര്‍’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ ലളിത് കലാ അക്കാദമിയില്‍ നടന്ന ‘പിക്ടോറിയല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്: ട്രെഷേഴ്സ് ഫ്രം ദി കലക്ഷന്‍ ഓഫ് ദി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
കെ. ബിക്രം സിംഗ് സംവിധാനം ചെയ്ത ‘ലോട്ടസ് പോണ്ട്: ദി വേള്‍ഡ് ഓഫ് രാമചന്ദ്രന്‍’ എന്ന ഡോക്യുമെന്ററി പൂര്‍ത്തിയായി.
2003-04
നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് (എന്‍ജിഎംഎ) ന്യൂഡല്‍ഹിയില്‍ രാമചന്ദ്രന്റെ കലാസൃഷ്ടികളുടെ ഒരു സുപ്രധാനമായ റെട്രോസ്പെക്റ്റിവ് പ്രദര്‍ശനം സംഘടിപ്പിച്ചു; രൂപിക ചൗളയാണ് ഇത് ക്യൂറേറ്റ് ചെയ്തത്. ആര്‍. ശിവകുമാര്‍ എഴുതിയ രണ്ട് വാല്യങ്ങളുള്ള ഒരു പുസ്തകമായ ‘എ. രാമചന്ദ്രന്‍ – എ റെട്രോസ്പെക്റ്റിവ്’, എന്‍ജിഎംഎയും വധേര ആര്‍ട്ട് ഗാലറിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ചു.
2004
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ് (ഐജിഎന്‍സിഎ) ട്രസ്റ്റി അംഗമായി വീണ്ടും നിയമിതനായി.
കെ. ബിക്രം സിങ്ങും സുധേഷ് ഉണ്ണിരാമനും ചേര്‍ന്ന് നിര്‍മ്മിച്ച ‘ലോട്ടസ് പോണ്ട്: ദി വേള്‍ഡ് ഓഫ് രാമചന്ദ്രന്‍’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി.
വിനോദ് ഭരദ്വാജ് എഴുതിയ ‘രാമചന്ദ്രന്‍ കാ കലാ സന്‍സാര്‍’ (രാമചന്ദ്രന്റെ കലാലോകം), ന്യൂഡല്‍ഹിയിലെ സ്റ്റാന്‍ഡേര്‍ഡ് ബുക്സ് പ്രസിദ്ധീകരിച്ചു.
2005
ലളിതകലകള്‍ക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തി രാഷ്ട്രപതിയില്‍ നിന്ന് ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയയില്‍ പ്രൊഫസര്‍ എമറിറ്റസ് ആയി നിയമിതനായി.
ഷിന്‍ജി താജിമ എഴുതി രാമചന്ദ്രന്‍ ചിത്രീകരിച്ച ‘ഗൗഡീസ് ഓഷ്യന്‍: ദി സ്റ്റോറി ഓഫ് എ ഗ്രേറ്റ് സീ ടര്‍ട്ടില്‍’, ജപ്പാനിലെ ഡിണ്ടിഗുള്‍ ബെല്‍ പ്രസിദ്ധീകരിച്ചു. ഈ ചിത്രീകരണങ്ങള്‍ ദക്ഷിണ കൊറിയയിലെ നാമി ദ്വീപില്‍ പ്രദര്‍ശിപ്പിച്ചു.
ന്യൂഡല്‍ഹിയിലെ കുമാര്‍ ഗാലറിയുടെ സുവര്‍ണ്ണ ജൂബിലി പ്രദര്‍ശനമായ ‘സ്പിരിറ്റ് സെറ്റ് ഫ്രീ’യില്‍ പങ്കെടുത്തു.
2006
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സും (ഐജിഎന്‍സിഎ) വധേര ആര്‍ട്ട് ഗാലറിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച, കേരള ചുമര്‍ചിത്രങ്ങളെ കുറിച്ചുള്ള രാമചന്ദ്രന്റെ പഠനമായ ‘പെയിന്റഡ് അബോഡ് ഓഫ് ഗോഡ്സ്: മ്യൂറല്‍ ട്രഡിഷന്‍സ് ഓഫ് കേരള’ പുറത്തിറങ്ങി.
വധേര ആര്‍ട്ട് ഗാലറി കൊല്‍ക്കത്തയില്‍ രാമചന്ദ്രന്റെ പെയിന്റിംഗുകള്‍, ഡ്രോയിംഗുകള്‍, വാട്ടര്‍ കളറുകള്‍, ശില്പങ്ങള്‍ എന്നിവയുടെ രണ്ടാമത്തെ പ്രധാന പ്രദര്‍ശനം സംഘടിപ്പിച്ചു.
ന്യൂഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറിയില്‍ പെയിന്റിംഗുകള്‍, ഡ്രോയിംഗുകള്‍, വാട്ടര്‍ കളറുകള്‍, ശില്പങ്ങള്‍ എന്നിവയുടെ ഒരു ഏകാംഗ പ്രദര്‍ശനം നടന്നു.
ന്യൂഡല്‍ഹിയിലും മുംബൈയിലും ഡല്‍ഹി ആര്‍ട്ട് ഗാലറി സംഘടിപ്പിച്ച പന്ത്രണ്ട് കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനമായ ‘ദി നേക്കഡ് ലൈനി’ല്‍ പങ്കെടുത്തു.
2007
1979 ല്‍ രാമചന്ദ്രന്‍ എഴുതി ചിത്രീകരിച്ച ‘ടെന്‍ വുഡ് കട്ടേഴ്സ്’ ജപ്പാനിലെ കൊഡന്‍ഷ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു.
ജപ്പാനിലെ മിയാസാക്കിയിലുള്ള കിജോ മ്യൂസിയം ഓഫ് ചില്‍ഡ്രന്‍സ് പിക്ചര്‍ ബുക്‌സില്‍ രാമചന്ദ്രന്റെ കുട്ടികള്‍ക്കുള്ള ചിത്രപുസ്തകങ്ങളുടെ ഒറിജിനല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.
ന്യൂയോര്‍ക്കിലെ ഗില്‍ഡ് ഗാലറിയില്‍ വാട്ടര്‍ കളറുകളും ഓയില്‍ ഹെഡ് സ്റ്റഡീസും ഉള്‍ക്കൊള്ളുന്ന ഒരു പ്രദര്‍ശനമായ ‘ഫേസ് ടു ഫേസ്’ നടന്നു. ഇള ദത്ത എഴുതിയ, ‘ഫേസ് ടു ഫേസ്: ആര്‍ട്ട് പ്രാക്ടീസ് ഓഫ് എ. രാമചന്ദ്രന്‍’ എന്ന പുസ്തകം ഗില്‍ഡ് ഗാലറി പ്രസിദ്ധീകരിച്ചു.
സിംഗപ്പൂര്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ നടന്ന ‘ഫ്രം ദി എവരിഡേ ടു ദി ഇമാജിന്‍ഡ്: ആന്‍ എക്‌സിബിഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട്’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ലണ്ടനിലെ ഗ്രോസ് വെനര്‍ വധേര ഗാലറിയില്‍ നടന്ന ‘ഇന്‍വെര്‍ട്ടിംഗ്/ഇന്‍വെന്റിങ് ട്രഡീഷന്‍സ്’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ലണ്ടനിലെ ഗ്രോസ് വെനര്‍ വധേര ഗാലറിയില്‍ നടന്ന ‘ഇന്ത്യന്‍ ആര്‍ട്ട് II/III’ പ്രദര്‍ശനത്തിലും പങ്കെടുത്തു.
2008
ലണ്ടനിലെ ഗ്രോസ് വെനര്‍ വധേര ഗാലറിയില്‍ പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ജലച്ചായങ്ങള്‍, ഡ്രോയിംഗുകള്‍ എന്നിവയുടെ ഏകാംഗ പ്രദര്‍ശനം നടന്നു.
വധേര ആര്‍ട്ട് ഗാലറി മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ജലച്ചായങ്ങള്‍, ഡ്രോയിംഗുകള്‍ എന്നിവയുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു.
‘ടെന്‍ വുഡ്കട്ടേഴ്സ്’ എന്ന പുസ്തകത്തിന് കുട്ടികളുടെ ക്ഷേമത്തിനും സംസ്‌കാരത്തിനുമുള്ള ജാപ്പനീസ് ഗവണ്‍മെന്റ് പുരസ്‌കാരം ലഭിച്ചു.
ദക്ഷിണ കൊറിയയിലെ സിയോളിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്ട് മ്യൂസിയത്തില്‍ നടന്ന ‘ഫ്രം ദി എവരിഡേ ടു ദി ഇമാജിന്‍ഡ്: ആന്‍ എക്‌സിബിഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്ട്’ എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടുമായി സഹകരിച്ച് അമേരിക്കയിലെ സാന്‍ ഡീയേഗോയിലെ സാന്‍ ഡീയേഗോ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ ‘ദി റിഥംസ് ഓഫ് ഇന്ത്യ: ദി ആര്‍ട്ട് ഓഫ് നന്ദലാല്‍ ബോസ്’ എന്ന എക്‌സിബിഷന്‍ നടന്നു. പ്രൊഫസര്‍ പ്രമോദ് ചന്ദ്ര, രാമചന്ദ്രന്‍, സോണിയ റൈ മേസ് എന്നിവരായിരുന്നു ഈ പ്രദര്‍ശനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികള്‍. ഇവര്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തേണ്ട കലാസൃഷ്ടികള്‍ തിരഞ്ഞെടുക്കുകയും അതോടനുബന്ധിച്ച് പുറത്തിറക്കിയ സ്മാരകഗ്രന്ഥത്തിനായി ലേഖനങ്ങള്‍ എഴുതുകയും ചെയ്തു.
2009
രാമചന്ദ്രന്റെ ഒറിജിനല്‍ ചിത്ര പുസ്തക ചിത്രീകരണങ്ങളും അദ്ദേഹത്തിന് പ്രചോദനമായ നാടോടി-ഗോത്ര കലാ സൃഷ്ടികളും ജപ്പാനിലെ മിയാസാക്കിയിലുള്ള കിജോ മ്യൂസിയം ഓഫ് ചില്‍ഡ്രന്‍സ് പിക്ചര്‍ ബുക്‌സില്‍ പ്രദര്‍ശിപ്പിച്ചു.
2005 മുതല്‍ 2009 വരെ ചെയ്ത കലാസൃഷ്ടികളുടെ ഒരു പ്രധാന പ്രദര്‍ശനമായ ‘ബഹുരൂപി’ ന്യൂഡല്‍ഹിയിലെ രബീന്ദ്ര ഭവനിലുള്ള ലളിത കലാ അക്കാദമി ഗാലറിയില്‍ നടന്നു. രണേഷ് റായിയും രൂപിക ചൗളയുമായിരുന്നു ഈ പ്രദര്‍ശനത്തിന്റെ ആശയവും രൂപകല്‍പ്പനയും നിര്‍വ്വഹിച്ചത്.
2010
ചൈനയിലെ ഫെസ്റ്റിവൽ ഓഫ് ഇന്ത്യാ പരിപാടിയുടെ ഭാഗമായി സിചുവാൻ മ്യൂസിയം, ഷെൻഷെൻ മ്യൂസിയം, ഷെജിയാങ് മ്യൂസിയം എന്നിവിടങ്ങളിൽ നടന്ന ‘ദി മോഡേൺ ആർട്ട് ഓഫ് ഇന്ത്യ: ദി ഇതോസ് ഓഫ് മോഡേണിറ്റി’ എന്ന എക്സിബിഷനിൽ പങ്കെടുത്തു.
പി. സുധാകരന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത രാമചന്ദ്രന്റെ ലേഖനസമാഹാരമായ ‘ആണ്‍നോട്ടം’, കൈരളി ബുക്‌സ്, കണ്ണൂര്‍ പ്രസിദ്ധീകരിച്ചു.
2012
രാമചന്ദ്രന്‍ എഴുതിയ, ‘റാം കിങ്കര്‍: ദി മാന്‍ ആന്‍ഡ് ദി ആര്‍ട്ടിസ്റ്റ്’ എന്ന പുസ്തകം ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പ്രസിദ്ധീകരിച്ചു.
2013
ഇന്ത്യന്‍ കലയ്ക്കും കലാവിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, കോട്ടയം ആസ്ഥാനമായ മഹാത്മാഗാന്ധി സര്‍വകലാശാല ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി. ലിറ്റ്.) നല്‍കി ആദരിച്ചു.
ദക്ഷിണ കൊറിയയിലെ സിയോളിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആന്‍ഡ് കണ്ടംപററി ആര്‍ട്ടില്‍, ഇന്ത്യയിലും ചൈനയിലും നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികളുടെ ഒരു പ്രദര്‍ശനമായ ‘റീറൈറ്റിംഗ് ദി ലാന്‍ഡ്സ്‌കേപ്പ് – ഇന്ത്യ ആന്‍ഡ് ചൈന’യില്‍ പങ്കെടുത്തു.
2014
രാമചന്ദ്രന്റെ അമ്പത്തിയാറ് വര്‍ഷത്തെ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി ഡ്രോയിംഗുകള്‍, സ്‌കെച്ചുകള്‍, സ്റ്റഡികള്‍ എന്നിവയുടെ ഒരു പ്രധാന റെട്രോസ്‌പെക്റ്റീവ് പ്രദര്‍ശനം ന്യൂഡല്‍ഹിയിലെ രബീന്ദ്ര ഭവനില്‍ നടന്നു. രണേഷ് റേ ക്യൂറേറ്റ് ചെയ്ത് രൂപകല്‍പ്പന ചെയ്ത ഈ പ്രദര്‍ശനത്തില്‍ രണ്ടായിരത്തോളം ഡ്രോയിംഗുകള്‍, സ്‌കെച്ചുകള്‍, സ്റ്റഡികള്‍ എന്നിവ ഉണ്ടായിരുന്നു. ഈ പരിപാടിയോടൊപ്പം, ആര്‍. ശിവകുമാര്‍ എഴുതി എഡിറ്റ് ചെയ്തതും, രാമചന്ദ്രന്റെ ആത്മകഥാപരമായ ഒരു ആഖ്യാനം കൂടി ഉള്‍പ്പെടുന്നതുമായ ‘എ. രാമചന്ദ്രന്‍: ലൈഫ് ആന്‍ഡ് ആര്‍ട്ട് ഇന്‍ ലൈന്‍സ്’ എന്ന രണ്ട് വാല്യങ്ങളുള്ള പുസ്തകം പുറത്തിറങ്ങി.
‘ഏകലിഞ്ചി ഫാന്റസി: എ. രാമചന്ദ്രന്‍ – ഡ്രോയിംഗ്സ്, സ്‌കെച്ചസ്, സ്റ്റഡീസ്, 1958-2014 – എ റെട്രോസ്പെക്റ്റീവ്’, എന്ന പുസ്തകം പുറത്തിറങ്ങി.
2016
ബെംഗളൂരുവിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്, 1964 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ രാമചന്ദ്രന്‍ ചെയ്ത ചിത്രങ്ങള്‍, ശില്പങ്ങള്‍, ജലച്ചായങ്ങള്‍, ഡ്രോയിംഗുകള്‍, ഗ്രാഫിക്‌സ് എന്നിവയുടെ സമഗ്രമായ ഒരു റെട്രോസ്‌പെക്റ്റീവ് പ്രദര്‍ശനം നടത്തി. വധേര ആര്‍ട്ട് ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പ്രദര്‍ശനം ആര്‍. ശിവകുമാറാണ് ക്യൂറേറ്റ് ചെയ്തത്.
ഇരുപത്തിയൊന്ന് കളര്‍ ഡ്രോയിങ്ങുകളുടെ പ്രദര്‍ശനമായ ‘എര്‍തേണ്‍ പോട്ട്: ഇമേജ് പോയംസ്’, ന്യൂഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറിയില്‍ നടന്നു.
2017
രാമചന്ദ്രന്റെ ചിത്രമായ ‘ഹോമേജ് ടു ദി സെറ്റിംഗ് സണ്‍’, അമേരിക്കയിലെ ക്ലീവ്ലാന്‍ഡിലുള്ള ക്ലീവ്ലാന്‍ഡ് മ്യൂസിയം ഓഫ് ആര്‍ട്ടില്‍ ക്ലാസിക്കല്‍ ഇന്ത്യന്‍ ശില്പങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വിഭാഗത്തില്‍ രണ്ടുവര്‍ഷക്കാലം പ്രദര്‍ശിപ്പിച്ചു.
2018
‘ചേഞ്ചിംഗ് മൂഡ്സ് ഓഫ് ദി ലോട്ടസ് പോണ്ട് ആന്‍ഡ് ഇന്‍സിഗ്‌നിഫിക്കന്റ് ഇന്‍കാര്‍ണേഷന്‍സ്’ എന്ന പേരില്‍ വധേര ആര്‍ട്ട് ഗാലറി സംഘടിപ്പിച്ച സമീപകാല കലാസൃഷ്ടികളുടെ പ്രദര്‍ശനം, രണ്ട് ഭാഗങ്ങളിലായി വധേര ന്യൂഡല്‍ഹിയിലെ ആര്‍ട്ട് ഗാലറിയിലും ത്രിവേണി കലാ സംഘത്തിലെ ശ്രീധരണി ആര്‍ട്ട് ഗാലറിയിലും നടന്നു.
മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ സമ്മാന്‍ നല്‍കി ആദരിച്ചു.
2019
കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ കേരള ലളിതകലാ അക്കാദമി രാമചന്ദ്രന്റെ പെയിന്റിംഗുകള്‍, ശില്പങ്ങള്‍, ജലച്ചായങ്ങള്‍, ഡ്രോയിംഗുകള്‍ എന്നിവയുടെ പ്രദര്‍ശനമായ ‘മഹാത്മ ആന്‍ഡ് ദി ലോട്ടസ് പോണ്ട്’ സംഘടിപ്പിച്ചു. വധേര ആര്‍ട്ട് ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പ്രദര്‍ശനം ആര്‍. ശിവകുമാറാണ് ക്യൂറേറ്റ് ചെയ്തത്.
രാമചന്ദ്രന്റെ അമ്പത് വര്‍ഷത്തെ കലാസൃഷ്ടികളില്‍ നിന്നും ആര്‍ ശിവകുമാര്‍ തിരഞ്ഞെടുത്ത് ക്യൂറേറ്റ് ചെയ്ത ഒരു പ്രദര്‍ശനം, മുംബൈയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ സംഘടിപ്പിച്ചു.
‘രാം കിങ്കര്‍: ദ മാന്‍ ആന്‍ഡ് ദ ആര്‍ട്ടിസ്റ്റ്, റെമിനിസെന്‍സ് ഓഫ് എ സ്റ്റുഡന്റ്’ എന്ന പുസ്തകം, ‘രാം കിങ്കര്‍: മനുഷ്യനും കലാകാരനും’ എന്ന പേരില്‍ പി.സുധാകരന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്, കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചു.
രാമചന്ദ്രന്റെ ആത്മകഥാപരമായ ഉപന്യാസവും മറ്റ് ലേഖനങ്ങളും ‘ജീവരേഖകള്‍’ എന്ന പേരില്‍ പി. സുധാകരന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.
ആര്‍. ശിവകുമാര്‍ രചിച്ച ‘എ. രാമചന്ദ്രന്‍: എ റെട്രോസ്പെക്റ്റീവ്’ എന്ന പുസ്തകം, ‘എ. രാമചന്ദ്രന്‍: 1957 മുതല്‍ 2003 വരെയുള്ള കലാസൃഷ്ടികളുടെ ഒരു അവലോകനം’ എന്ന പേരില്‍ പി. സുധാകരന്‍ പരിഭാഷപ്പെടുത്തിയത് കണ്ണൂര്‍, കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു.
2020
ഇന്ത്യ ടുഡേ ഗ്രൂപ്പില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു.
രാമചന്ദ്രന്റെ രചനകളില്‍ നിന്ന് വിനോദ് ഭരദ്വാജ് തിരഞ്ഞെടുത്ത് സമാഹരിച്ച ‘ലോട്ടസ് പോണ്ട്: എ രാമചന്ദ്രന്‍ ഓണ്‍ ആര്‍ട്ട് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ്’ എന്ന പുസ്തകം കോപ്പര്‍ കോയിന്‍ പ്രസിദ്ധീകരിച്ചു.
2021
ന്യൂഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറിയില്‍ നടന്ന രേഖാചിത്രങ്ങളുടെ രണ്ട് പ്രദര്‍ശനങ്ങളായ ‘എ ലൈഫ്ടൈം ഓഫ് ലൈന്‍സും’, ‘ഗാന്ധി: ലോണ്‍ലിനസ് ഓഫ് ദി ഗ്രേറ്റും’, രാമചന്ദ്രന്റെ ആദ്യകാലത്തെയും പില്‍ക്കാലത്തെയും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.
രണ്ടു ഭാഗങ്ങളിലായി സമീപകാല എണ്ണച്ചായ ചിത്രങ്ങളുടെ ഒരു പ്രധാന പ്രദര്‍ശനം, ‘സബാള്‍ട്ടേണ്‍ നായികാസ് ആന്‍ഡ് ലോട്ടസ് പോണ്ട്’, ന്യൂഡല്‍ഹിയിലെ ത്രിവേണി കലാസംഘത്തിലുള്ള ശ്രീധരണി ആര്‍ട്ട് ഗാലറിയിലും വധേര ആര്‍ട്ട് ഗാലറിയിലുമായി ഒരേസമയം നടന്നു.
2022
വ്യത്യസ്ത മാദ്ധ്യമങ്ങളിലും വലിപ്പത്തിലുമായി രാമചന്ദ്രന്‍ ചെയ്ത പ്രധാന കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ച് ആര്‍. ശിവകുമാര്‍ ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനമായ ‘സോങ്ങ്സ് ഓഫ് റിക്ലമേഷന്‍: ദി ആര്‍ട്ട് ഓഫ് എ. രാമചന്ദ്രന്‍’, വധേര ആര്‍ട്ട് ഗാലറിയുമായി സഹകരിച്ച് കൊല്‍ക്കത്തയിലെ ഇമാമി ആര്‍ട്ടില്‍ നടന്നു.
എ. രാമചന്ദ്രന്‍ എന്ന കലാകാരന്റെ ജീവിതത്തെയും കലാസൃഷ്ടികളെയും കുറിച്ച് വിനോദ് ഭരദ്വാജ് ഹിന്ദിയില്‍ രചിച്ച സമഗ്ര പഠനമായ ‘എ. രാമചന്ദ്രന്‍’, ഭോപ്പാലിലെ രബീന്ദ്രനാഥ ടാഗോര്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചു.
വിനോദ് ഭരദ്വാജിന്റെ ‘രാമചന്ദ്രന്‍’ എന്ന ഡോക്യുമെന്ററി, ന്യൂഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു.
2023
ആർ. ശിവ കുമാർ ക്യൂറേറ്റ് ചെയ്ത, സോങ്ങ്സ് ഓഫ് റിക്ലമേഷൻ: ദി ആർട്ട് ഓഫ് എ. രാമചന്ദ്രൻ എന്ന ചിത്രപ്രദർശനം, വ്യത്യസ്ത മാധ്യമങ്ങളിലും സ്കെയിലുകളിലുമുള്ള കലാകാരന്റെ ശ്രദ്ധേയമായ നിരവധി കൃതികൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശനം, വഡേര ആർട്ട് ഗാലറിയുമായി സഹകരിച്ച് കൊൽക്കത്തയിലെ ഇമാമി ആർട്ടിൽ നടന്നു.
എ. രാമചന്ദ്രൻ എന്ന ചിത്രകാരന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള സമഗ്രമായ പഠനമായ വിനോദ് ഭരദ്വാജ് ഹിന്ദിയിൽ പ്രസിദ്ധീകരിച്ചത് ഭോപ്പാലിലെ രബീന്ദ്രനാഥ ടാഗോർ സർവകലാശാലയാണ്.
വിനോദ് ഭരദ്വാജിന്റെ ഡോക്യുമെന്ററിയായ രാമചന്ദ്രൻ ന്യൂഡൽഹിയിൽ പ്രദർശിപ്പിച്ചു.